KARINGANNOOR SREEKUMAR

എസ്‌. ശ്രീകുമാറിന്റെ കഥകള്‍

Friday, April 20, 2012

കവിത
കരിങ്ങന്നൂര്‍ എസ്.ശ്രീകുമാര്‍
മരണപത്രം

തീപെയ്തു മരിച്ച മകന്‍
ഇനിയും പിറക്കാതിരിക്കാന്‍
അമ്മ ചെയ്യുന്ന പുണ്യം
എയ്തുകയറുന്നു.

പൂര്‍വാഹ്നത്തിലെ ബലിക്കാക്കകള്‍
കണ്ണുപൊട്ടി
കനലിലേക്ക് ചത്തുവീഴുന്നു.
ഇവിടെ
പൂക്കളില്ല
ഹൃദയമില്ല
ഒന്നുമില്ല
അഗാധമായ
ഞരക്കം പോലുമില്ല.

ഇരുട്ടിന്റെ നിലക്കണ്ണാടിയില്‍
പെയ്തുപെയ്തിറങ്ങുന്ന പ്രണയം
താഴ്വാരങ്ങളിലേക്ക് ജ്വലിക്കുന്ന
അഗ്നിയാണ്.

നിലക്കണ്ണാടിയുടെ പ്രളയജലത്തില്‍
ചത്തുമലച്ച മീന്‍കണ്ണുകള്‍
കാമത്തിന്റെ നീര്‍പ്പാമ്പുകള്‍
കൊത്തിയെടുക്കുമ്പോള്‍
മധുരം പിഴച്ച പാനപാത്രങ്ങളില്‍
തളര്‍ന്നു കിടന്ന് അവന്‍ ഇരതേടുന്നു.
കഫം കൊഴുത്ത രാത്രികളില്‍
കരിഞ്ഞചോരയില്‍
കുളിരുപോലുമില്ലാത്ത കാറ്റില്‍
ഇനിയെങ്കിലും
അവന്റെ മുഖം കാണുക.

ഒരു പൂവ്
എള്ള്
എണ്ണ വാര്‍ന്ന് കരിഞ്ഞണഞ്ഞ
ഒരു തിരി
വീരാളിപ്പട്ടു പൊതിഞ്ഞ
മണ്‍കുടം
കറുത്തചുഴിയുടെ തിരച്ചുറ്റിലേക്ക്
തള്ളിയിറങ്ങിയിറങ്ങി പോകുന്നു.
അമ്മേ... എല്ലാം
നിന്റെ പുണ്യം.

പൊളളുന്ന വിരലുകള്‍ കൊണ്ട്
നെറുകയില്‍ തൊടുന്ന
കടുത്ത രാത്രി.
തളര്‍ന്ന് തകര്‍ന്ന്
കൈകള്‍ വിടര്‍ത്തി
പ്രാണന്‍ വലിഞ്ഞ്
ആഞ്ഞാഞ്ഞ് തുഴഞ്ഞപ്പോള്‍
വിരല്‍ത്തുമ്പില്‍ കുരുങ്ങി
പിണങ്ങിപ്പോയ മുടിയിഴകള്‍
ആരുടേതാണ്?
നിലവിളികള്‍ ആരുടേതാണ്!

പുഴയിലേക്ക് കാറ്റിറങ്ങി
പുഴയിലേക്ക് കാറ്റ് പറഞ്ഞു:
ഇവിടേക്ക്- ഇതാ-
കണ്ണുകള്‍ തിരുമ്മിത്തുറന്ന്
ഈ തീയിലേക്കു നോക്കുക
നിന്റെ മകന്‍റെ ചോര
നിന്റെ ഗര്‍ഭരക്തം
നിന്റെ അഗ്നി
നിന്റെ നിലാവും ക്രൗര്യവും....

ആരും കേള്‍ക്കാതിരിക്കാനാണ്
അവന്‍ ആഴത്തില്‍ നിലവിളിക്കുന്നത്

തീ പിടിച്ച മകന്‍
ഇനിയും പിറക്കാതെ
അമ്മേ, നിന്റെ പുണ്യം
കാത്തുകൊള്‍ക.
------------------

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home