KARINGANNOOR SREEKUMAR

എസ്‌. ശ്രീകുമാറിന്റെ കഥകള്‍

Sunday, August 21, 2011

ഭാര്യ - കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍


കരിങ്ങന്നൂര്‍ ശ്രീകുമാര്‍
 ഭാര്യ 

പിഴച്ച സ്വപ്‌നങ്ങള്‍ വരെ വറുത്തു  ശുചിത്വമുള്ള  കണ്ണാടിപ്പാത്രങ്ങളിലേക്ക്  രസകരമായി , താളനിബദ്‌ധമായി 
അവള്‍ വിളമ്പിത്തന്നു. 
വശ്യമായി ചിരിച്ചു. 
വെറുപ്പ്‌ കൊണ്ടൊരു പുളിശ്ശേരി ...
കൊപ്ലിക്കാന്‍ ഇത്തിരി കണ്ണീര്.
ധര്‍മസങ്കടം പുതപ്പിച്ച് ഉറക്കി.
ഉണരാതുണരാതുറങ്ങുറങ്ങ് ....





Wednesday, August 17, 2011

കഥ / കരിങ്ങന്നൂര്‍ ശ്രീകുമാര്‍ / ചരിത്രം


കഥ / കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
ചരിത്രം 
 നമ്മള്‍ രണ്ട്, നമുക്ക് രണ്ട്  എന്ന മുദ്രാവാക്യം വന്ന കാലമായിരുന്നു അത്.
അമ്മയുടെ പേര് ഓര്‍മ എന്നായിരുന്നു. 
  അച്ഛന്റെ പേര്  ശൈത്യം എന്നും.
മകള്‍ ചൂട് പിടിച്ചു വളര്‍ന്നു. 
മകന്‍ പുകഞ്ഞു പോയി. 
   പൊതു ശ്മശാനത്തിലെ നനഞ്ഞു കറുത്ത മണ്ണില്‍ നിഴല്‍ പോലെ മഴ സ്ഥിരമായി നിന്ന് പെയ്തു. 
ഓര്‍മയിലേക്ക് ഒരു കൊള്ളിമീന്‍.
    ശൈത്യത്തിലേക്ക് കാറ്റും.






Wednesday, August 10, 2011

ഭ്രാന്തന്‍

കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍

                









ഭ്രാന്തന്‍

സ്വപ്നം കടിച്ചുപഴുത്ത വ്രണങ്ങള്‍  ഊതിയാറ്റിയിരിക്കുകയായിരുന്നു അവന്‍.
ഊതിയൂതി തണുപ്പിച്ചുകൊണ്ട് അരുമയോടെ അവന്‍ തോട്ടിന്‍വക്കിലെ കാക്കപ്പൂക്കളെ  പ്രണയിച്ചു. 
 നെഞ്ചില്‍ ഒരു കുഞ്ഞിന്റെ കണ്ണ് പൊട്ടിക്കിടന്നു. 
കരളിലെവിടെയോ കുളിച്ചു സോപ്പുമണക്കുന്ന പുഴയുടെ സംഗീതം.
ഉള്ളിനുമുള്ളില്‍ നരച്ച ഒരു മുടിയിഴ സദാ ധന്വന്തരം മണത്തു.
കാലുകളില്‍ കാമുകിയുടെ വിഷദംശനം.
അരക്കെട്ടില്‍ തീ വിഴുങ്ങി തണുത്തുപോയ ഭ്രാന്തന്‍  മൃഗം.... 
തോട്ടില്‍ വീണാണ് അവന്‍ ചത്തത്.

Saturday, August 6, 2011

പ്രണയം/കരിങ്ങന്നൂര്‍ ശ്രീകുമാര്‍

കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
പ്രണയം
പ്രണയം കണ്ണാടിയാണ് .നോക്കിയിരിക്കെ അത് കുറെ ഓര്‍മകളെ തരും...
ചവച്ചു തുപ്പിയ എച്ചിലും, കറിവേപ്പിലയും, കടുക് വറുത്തതും അടിഞ്ഞ്‌ അടുക്കള സിങ്കില്‍ അഴുക്കുവെള്ളം നിറഞ്ഞു. മീതെ എണ്ണ പാടകെട്ടി പല നിറങ്ങളില്‍ മിനുങ്ങി. 
ഒരാന്തലോടെ പെണ്ണ് നിലവിളിച്ചു. 
അടുപ്പില്‍ പ്രണയം പുകഞ്ഞു നീറി. 
അടുക്കള നിറഞ്ഞ്‌ പെണ്ണ് ആളിയെരിയാന്‍ തുടങ്ങി.